ഇലത്തുമ്പിലെ മഞ്ഞുതുള്ളിയില്‍ സൂര്യകിരണങ്ങള്‍ പതിച്ച് പൊട്ടിച്ചിതറി ആയിരം പ്രഭ പൊഴിക്കുന്ന സന്തോഷമായിരുന്നു മീരക്ക് ആ നിമിഷം അറിയാതെ അവളുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകികൊണ്ടിരുന്നു .വിശാഖിന്‍റെ സന്തോഷവും പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല .നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ ഒരു അച്ഛനും അമ്മയും ആകാന്‍ പോകുന്നു .നേരാത്ത നേര്‍ച്ചകളില്ല .പോകാത്ത സ്ഥലങ്ങളില്ല ചികിത്സിക്കാത്ത ആശുപത്രികളില്ല.എന്തായാലും ദൈവം തങ്ങളുടെ കണ്ണുനീര്‍ കണ്ടു ഈ നിമിഷം .ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ എന്നും പരിഹാസപത്രങ്ങളായിരുന്നു അവര്‍ .പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ മടിയായിരുന്നു .എന്തെങ്കിലും സംസാരിച്ചിരുന്ന് അവസാനം അവര്‍ക്ക് കുട്ടികളില്ലാത്തതിലായിരിക്കും ആ സംസാരം എത്തിച്ചേരുക . നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാണല്ലോ സ്വന്തം കുറവുകള്‍ ആര്‍ക്കുമില്ലാത്തപോലെയാണ് മറ്റുള്ളവരെ വിധിക്കാന്‍ കാണിക്കുന്ന വ്യഗ്രത .
അപരന്‍റെ വേദനയില്‍ ചേര്‍ത്തുപിടിച്ചില്ലങ്കിലും അവരെ കുത്തിനോവിക്കാനുള്ള തിടുക്കം ഒന്നു അവസാനിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു .
മീരയും വിശാഖും ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരുടെ സന്തോഷം ഡോക്ടറുടെ കണ്ണുകളില്‍ പോലും സന്തോഷത്താല്‍ തിളക്കത്തിന്‍റെ നനവ് കാണാമായിരുന്നു .കൃത്യമായ ചെക്കപ്പുകള്‍ എല്ലാം നടന്നുകൊണ്ടിരുന്നു .പൂര്‍ണ്ണമായ വിശ്രമം ആവശ്യമായിരുന്നു .അധികം യാത്രകള്‍ പാടില്ലയെന്ന നിര്‍ദ്ദേശം അവര്‍ ദൂരെയുള്ള വീട് അടച്ചിട്ട് ആശുപത്രിയുടെ അടുത്ത് ഒരു കൊച്ചുവീട് വാടകക്കെടുത്തു .മീര നീണ്ട അവധിയെടുത്തു വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി .നാല്‍പതു പിന്നിട്ട മീരക്ക് ഗര്‍ഭത്തിന്‍റെ ആലസ്യങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു .വിശാഖിനും ജോലിസമയം കഴിഞ്ഞു ഓടി വീട്ടില്‍ എത്താനുള്ള തിടുക്കം .കൂട്ടുകാര്‍ക്ക് കളിയാക്കി ചിരിക്കാനുള്ള ഒരു അവസരം .പലപ്പഴും പലരുടെയും ആവലാതികളും നൊമ്പരങ്ങളും നമുക്ക് മനസ്സിലാകാറില്ല .കാരണം നമ്മള്‍ അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കാറില്ല .നമ്മള്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ എത്ര വലുതാണെന്ന് ഓര്‍ക്കാറില്ല .അതുകൊണ്ട് തന്നെ എത്ര അടുത്ത സുഹൃത്ത് ആയാലും അവര്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത നമ്മള്‍ അറിയാറുമില്ല .
മാസങ്ങള്‍ നാലു കഴിഞ്ഞു .ഒരു ദിവസം മീരക്ക് കലശലായ വയറുവേദന .വേഗം തന്നെ വിശാഖന്‍ അവളെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പാഞ്ഞു .നേരത്തെ ഫോണ്‍ വിളിച്ചു പറഞ്ഞതിനാല്‍ ഡോക്ടര്‍ ഓ .പി യില്‍ നിന്നും പോകാതെ കാത്തിരുന്നു .അവളെ വേഗം തന്നെ പരിശോധന മുറിയിലേക്ക് കൊണ്ടുപോയി .സ്കാനിംഗ് നടത്തിയപ്പോള്‍ കുഞ്ഞിന്‍റെ അനക്കം കുറഞ്ഞിരിക്കുന്നു .വേഗം തന്നെ ട്രീറ്റുമെന്റുകള്‍ ആരംഭിച്ചു .ആ സമയത്തിനുള്ളില്‍ മീരയുടെ മാതാപിതാക്കളും സഹോദരങ്ങളും ഓടിയെത്തി .മീരക്ക് മൂത്തതായി രണ്ടു സഹോദരന്മാരും ഒരു ചേച്ചിയുമാണുള്ളത് . എല്ലാവര്‍ക്കിടയിലും ഒരു മൗനം തളംകെട്ടി നിന്നു എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല.ദൈവത്തിന്‍റെ കാരുണ്യം കൊണ്ട് പെട്ടന്ന് തന്നെ മീരയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി .ഡോക്ടര്‍ വിശാഖിനെ റൂമിലേയ്ക്ക് വിളിപ്പിച്ചു .ഇനി മീരക്ക് എപ്പോഴും ശ്രദ്ധ വേണം കൂടെ എപ്പോഴും ആളുവേണം ഏതു നിമിഷവും കുഴപ്പങ്ങള്‍ ഉണ്ടാകാം .അവളുടെ ഗര്‍ഭപാത്രത്തിനു വളരെ കനംകുറവാണ് .അതിനാല്‍ പ്രസവം കഴിയുംവരെ ഹോസ്പിറ്റലില്‍ തന്നെ തുടരുന്നതാകും നല്ലത് .എല്ലാവരും കൂടി ആ തീരുമാനത്തെ ശരിവച്ചു .പിന്നീടുള്ള മാസങ്ങള്‍ പ്രാര്‍ത്ഥനയുടെയും സങ്കടങ്ങളുടെയും ആകെ തുകയായിരുന്നു .എപ്പോഴും ഓരോരോ പ്രശ്നങ്ങള്‍ .പലപ്പോഴും അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ തന്നെ അപകടത്തിലാവുന്ന പ്രതിസന്ധിഘട്ടങ്ങള്‍ .ആ ഒരു വര്‍ഷക്കാലം അവരുടെ അഗ്നിപരീക്ഷണങ്ങളുടെ കാലമായിരുന്നു എന്ന് പറയാം .ഏഴു മാസങ്ങള്‍ പിന്നിട്ടു പറഞ്ഞ ദിവസത്തിനും പതിനഞ്ചു ദിവസത്തിനു മുന്‍പ് തന്നെ മീരക്ക് ഓപ്പറേഷന്‍ വേണ്ടിവന്നു . സാഫല്യത്തിന്‍റെ തേന്മഴയുമായി മിടുക്കന്‍ ഒരു ആണ്‍കുഞ്ഞ് അവര്‍ക്ക് പിറന്നു .മീരയും വിശാഖും അറിഞ്ഞ അനുഭവിച്ച സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ ഇല്ല .
വര്‍ഷങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു.പൊന്നുണ്ണിയെന്ന ഓമനപേരില്‍ ശോഭിത്ത് വളര്‍ന്നു .അവന്‍റെ അഞ്ചാം പിറന്നാള്‍ ദിവസം രാവിലെ എല്ലാവരും കൂടി അമ്പലത്തില്‍ പോയിമടങ്ങുമ്പോള്‍ മുത്തശ്ശിയുടെയും മുത്തച്ഛന്‍റെയും കൈ പിടിച്ചു നടന്നതാണ് .വിധിയുടെ പ്രഹരമേല്‍പ്പിച്ചുകൊണ്ട് വാഹനത്തിന്‍റെ രൂപത്തില്‍ മരണം മുത്തച്ഛനേയും പേരക്കിടാവിനേയും തട്ടിയെടുത്തു .മീര ബോധം നഷ്ടപ്പെട്ട് കുറേ ദിവസങ്ങള്‍ തള്ളിനീക്കി .ബോധത്തിന്റെ തലത്തിലേക്ക് കടന്നു വന്നപ്പോള്‍ സമനില തെറ്റിയിരുന്നു .എപ്പോഴും പൊന്നുണ്ണിയെന്നു വിളിച്ചു കൊണ്ടിരിക്കും .ചിലപ്പോള്‍ അലറിക്കരയും ,മരുന്നിന്‍റെ ശക്തിയില്‍ അല്പമൊന്നു മയങ്ങും .ഒരു ദിവസം മീര ഉറങ്ങുന്നത് കണ്ടിട്ടാണ് വിശാഖന്‍ മരുന്ന് വാങ്ങാന്‍ പോയത് തിരികേ വരുമ്പോള്‍ അവരുടെ കിടക്കക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടം .മീരയുടെ ഉച്ചത്തിലുള്ള ബഹളം കേള്‍ക്കാം ഒപ്പം ഒരു പിഞ്ചുകുഞ്ഞിന്‍റെ വാ കൂട്ടാതെയുള്ള നിലവിളിയും.അവന്‍ എല്ലാവരെയും വകഞ്ഞുമാറ്റി അടുത്തേക്ക് ചെന്നപ്പോള്‍ കണ്ടത് ഉണ്ടായിട്ട് ഒരു ദിവസത്തില്‍ കൂടുതല്‍ ആകാത്ത ഒരു കുഞ്ഞിനെ മീര കൈകളില്‍ മാറോടു ചേര്‍ത്തിരിക്കുന്നു വൈശാഖനും ആകെ അമ്പരന്നുപോയി എന്താണെന്നു ഒന്നും മനസ്സിലാകുന്നില്ല .അവന്‍ അടുത്തുചെന്നു മെല്ലെ മീരയുടെ അടുത്തിരുന്നു .സംശയത്തിനെ കണ്ണുകളിലൂടെയാണ് വിശാഖനേയും അവള്‍ കണ്ടത് .മയങ്ങാനുള്ള ഇഞ്ചക്ഷന്‍ നല്കി കുഞ്ഞിനെ മേടിച്ചെടുത്തു .ഈ നേരമത്രയും ആ കുഞ്ഞിനെ തേടി ആരും വന്നില്ലയെന്നുള്ളതാണ് സത്യം .കുഞ്ഞിന്‍റെ അമ്മക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു .ആരേയും കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞില്ല .ഉടനെ പോലീസില്‍ വിവരമറിയിച്ചു .അവര്‍ ശിശുപരിപാലനകേന്ദ്രത്തിലേക്ക് ആ കുഞ്ഞിനെ മാറ്റി .
പോലീസില്‍ നിന്നും അന്വേഷണത്തില്‍ എത്തിയതില്‍ വിശാഖന്‍റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു .അവരുടെ എല്ലാം കാര്യങ്ങളും അയാള്‍ക്ക് അറിയാമായിരുന്നു . വിശാഖന്‍റെ ചിന്തകളില്‍ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ തങ്ങിനിന്നു .ആ കുഞ്ഞ് എങ്ങിനെ മീരയുടെ കൈകളില്‍ വന്നു .ആരുടെ കുഞ്ഞ് ,ആരാണ് ആ കുഞ്ഞിനെ അവളുടെ കൈയ്യില്‍ കൊടുത്തത് .ചിന്തക്ക് തീ പിടിച്ചപ്പോള്‍ അയാള്‍ മെല്ലെ പുറത്തേക്ക് നടന്നു .അലപ്സമയം പുറത്ത് ചുറ്റിക്കറങ്ങി .വീണ്ടും തിരികെയെത്തി .മീരയുടെ അമ്മയോട് അവനൊന്നു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങി . വീട്ടില്‍ വന്നതുത്തന്നെ ഒന്നു കുളിച്ചു ഫ്രഷ് ആയി പോകാന്‍വേണ്ടിയാണ് .ഒന്നിനും ഒരു മൂഡും തോന്നുന്നില്ല .ജീവിതത്തില്‍ മടുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു .കുളികഴിഞ്ഞു ഡ്രസ്സ് ധരിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അന്വോഷണതിനെത്തിയ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നത് .അവരുടെ സംസാരം ആ കുഞ്ഞിനെക്കുറിച്ചായിരുന്നു .
എന്തുകൊണ്ട് ഒരു കുഞ്ഞിനെ ദത്തെടുത്തു കൂടാ .അന്നുവരെ അവര്‍ അതൊന്നും ചിന്തിച്ചിരുന്നില്ല .ചിലപ്പോള്‍ ഒരു കുഞ്ഞിന്‍റെ സാമീപ്യം മീരയുടെ അസുഖം ഭേദമാക്കിയേക്കും.പിറ്റേന്ന് സുഹൃത്തിനോടൊപ്പം അവര്‍ ശിശുപരിപാലനകേന്ദ്രത്തിലെ ഡയറക്റ്ററെ പോയികണ്ടു .ആ കുഞ്ഞിനെക്കുറിച്ചായിരുന്നു അവിടെയും സംസാരിച്ചത് .വൈശാഖന്‍ ആ കുരുന്നുമുഖം ഒന്നേ കണ്ടോള്ളൂയെങ്കിലും മനസ്സില്‍ പതിഞ്ഞതുപോലെ .ചിലപ്പോള്‍ നമുക്കും അങ്ങനെ തോന്നാറില്ലേ .നമുക്ക് ഒത്തിരി ഇഷ്ടപെടുന്നതിനെ എത്ര ദൂരത്താക്കിയാലും ഒരു നിമിഷംപോലും നമ്മളില്‍ നിന്നും അകന്നിരിക്കുന്നതായിട്ട് തോന്നാറില്ല .മനസ്സെന്ന മാന്ത്രികചെപ്പില്‍ നിറഞ്ഞു തുളുമ്പികൊണ്ടിരിക്കും ചിലതെല്ലാം പതിഞ്ഞാല്‍ ശിലാലിഖിതമായി തെളിഞ്ഞുനില്ക്കും.
ആറുമാസം കഴിഞ്ഞു വരുവാന്‍ അവരോട് പറഞ്ഞ് മടക്കി അയച്ചു .അതുവരെ കുഞ്ഞിന്‍റെ അവകാശികള്‍ വന്നില്ലയെങ്കില്‍ നിയമപരമായി കുഞ്ഞിനെ അവര്‍ക്ക് നല്‍കാനുള്ള നടപടികള്‍ തുടങ്ങാമെന്ന് ഉറപ്പു നല്കി .വിശാഖന്‍ തിരിച്ചെത്തി മീരയുടെ അമ്മയോട് ഈ വിവരം പറഞ്ഞു .അല്പം സങ്കടത്തോടെയാണെങ്കിലും അവര്‍ക്കും തോന്നി നല്ലൊരു തീരുമാനമാണെന്ന്.ഒരു മാസത്തിനു ശേഷം മീരയെ വീട്ടില്‍ കൊണ്ടുവന്നു .ബഹളംമൊന്നും ഇല്ലങ്കിലും പഴയ ചിരിയും കളിയുമോന്നും ഇല്ല .വീട്ടില്‍ കിലുക്കാംപ്പെട്ടിയെപ്പോലെ ഓടിനടന്ന മീര .മൗനത്തിന്‍റെ കൂടാരത്തില്‍ ഒതുങ്ങി ക്കൂടി .അവളെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്കൊണ്ടുവരുന്നതിനും മുന്‍പേ പൊന്നുണ്ണിയുടെ എല്ലാം സാധങ്ങളും അവളുടെ കണ്ണെത്താത്തിടത്തേയ്ക്ക് മാറ്റിവച്ചു .പലപ്പോഴും നമ്മുടെ മുന്നിലെ കാഴ്ചകളാണല്ലോ കൂടുതല്‍ വേദനിപ്പിക്കുക .ഓര്‍മ്മയുടെ കയങ്ങളില്‍ നോവിന്‍റെ നെരിപ്പോടുകള്‍ എരിക്കാന്‍ കഴിയുന്ന ചിലത് . വിശാഖന്‍ ജോലിക്ക്പോയിത്തുടങ്ങി. മീരയുടെ അമ്മയായിരുന്നു അവള്‍ക്ക് കൂട്ട്.മാസങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു കാലത്തിന്‍റെ ഗതിവിഗതികള്‍ അങ്ങനെയാണല്ലോ .ആറുമാസം കഴിഞ്ഞപ്പോള്‍ മീരയേയും കൂട്ടി അയാള്‍ ഒരു ദിവസം ശിശുപരിപാലന കേന്ദ്രത്തില്‍പ്പോയി .മീര കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ സ്വയം മറന്നുപോയ നിമിഷങ്ങള്‍ . മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഓമനത്തം നിറഞ്ഞ ഈ നിഷ്കളങ്ക മുഖത്തെ പുഞ്ചിരി കാണുമ്പോള്‍ എങ്ങനെയാണ് ഇവരെയൊക്കെ ഉപേക്ഷിച്ചു കടന്നുപോകുക .അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.ആ കരച്ചില്‍ വൈശാഖനേയും മറ്റുള്ളവരെയും ഭീതിപ്പെടുത്തി .വീണ്ടുമെന്തെങ്കിലും ഒരു ആവര്‍ത്തനം .ഇല്ല ഒന്നുമുണ്ടായില്ല .അവര്‍ തിരികേ വീട്ടിലെത്തി .മീര വൈശാഖന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു തന്‍റെ ഒരു ആഗ്രഹം പറഞ്ഞു .ഇതുപോലെ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്ക് ആശ്രയവും അഭയവുമായി അവര്‍ക്കെല്ലാം അച്ഛനുമമ്മയുമായി നമ്മുക്കും മാറിയാലോ .ഒരുപാട് മക്കളുടെ മാതാപിതാക്കള്‍ ആകുവാനായി ദൈവം തരുന്ന ഒരു കണ്ണുതുറക്കലാകാം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം .മീരയുടെ ഈ സംസാരം വൈശാഖിനെപ്പോലും അത്ഭുതപ്പെടുത്തി .അവരുടെ തീരുമാനം സുഹൃത്തുക്കളെയെല്ലാം അറിയിച്ചു .അവരുടെ പൂര്‍ണ്ണപിന്തുണ അറിയിച്ചു .വൈശാഖന്‍റെ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവര്‍ പ്രശ്നമുണ്ടാക്കി .മക്കളില്ലാത്ത അവരുടെ സ്വത്തുക്കള്‍ അനാഥര്‍ക്ക് കൊടുക്കുമല്ലോയെന്നോര്‍ത്തപ്പോള്‍.
പിന്നീടുള്ള ദിവസങ്ങള്‍ അവരുടെ വീട്ടിലേയ്ക്ക് അനാഥത്വത്തിന്‍റെ ലേബലില്‍ നിന്നും സനാതനത്തിന്‍റെ ചിത്രശലഭങ്ങള്‍ പറന്നെത്തി .പല പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ അവര്‍ക്കിടയില്‍ അച്ഛനുമമ്മയുമായി വൈശാഖനും മീരയും .അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ ദീപം തെളിഞ്ഞു .കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച മുറിവുകള്‍ക്കെല്ലാം പുരട്ടുന്ന ഔഷധമായി ആ കുരുന്നുകളുടെ ചിരിയും കരച്ചിലും ആട്ടവും പാട്ടുമെല്ലാം .
കുഞ്ഞുങ്ങളെ തെരുവിലെറിഞ്ഞ് കടന്നുകളയുന്നവര്‍ അറിയുന്നുണ്ടോ ഒരു കുഞ്ഞില്ലാത്തതിന്‍റെ നൊമ്പരം .കുഞ്ഞുങ്ങളോട് ക്രൂരതകാണിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ ആ വേദനകള്‍ ,മാതാപിതാക്കളായ നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളെ മാസത്തില്‍ ഒന്നെങ്കിലും ഏതെങ്കിലുമൊക്കെ അനാഥാലയങ്ങളില്‍ കൊണ്ടുപോകുക .അവിടുത്തെ കുട്ടികളോടൊപ്പം കുറച്ചുസമയം ചിലവഴിക്കാന്‍ വിടുക, വീട്ടില്‍ എല്ലാറ്റിനും വാശിപിടിക്കുന്ന കുട്ടികളെ പ്രത്യേകിച്ചും .കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ നമുക്കുതന്നെ മനസ്സിലാകും നമ്മുടെ കുട്ടികളില്‍ വന്ന മാറ്റം .കണ്ടും അറിഞ്ഞും അവരുടെയിടയില്‍ നില്ക്കുമ്പോള്‍ സ്വന്തം കുടുംബത്തില്‍നിന്നും കുട്ടികള്‍ക്ക് കിട്ടുന്ന സുഖവും സന്തോഷവും മനസ്സിലാക്കാനും തിരിച്ചറിയാനും സാധിക്കുന്നു .മാതാപിതാക്കള്‍ ശിക്ഷണം നല്‍കുമ്പോള്‍ സ്വന്തം നന്മക്ക് വേണ്ടിയാണെന്ന്തോന്നിത്തുടങ്ങും .മിക്ക കുട്ടികളേയും തെറ്റു കാണുമ്പോള്‍ ശാസിച്ചാല്‍ അവരോടുള്ള ഇഷ്ടകുറവ്കൊണ്ടാണെന്ന് അവരാദ്യം പറയും .അവരുടെ മനസ്സില്‍ തറഞ്ഞുകിടക്കുന്ന ഒരു ഭാവം അതാണ് .ഇന്നത്തെ കുരുന്നുകള്‍ നാളത്തെ നാടിന്‍റെ ഭാവിയാണ് .ഒരുപാട് മീരമാരും വൈശാഖന്‍മാരും നമുക്കിടയിലുണ്ട് .സ്നേഹത്തിന്‍റെ സഹായഹസ്തവുമായി അവരെപ്പോലുള്ളവര്‍ക്കിടയില്‍ നമുക്കും കടന്നുചെല്ലാം.ആശ്വാസത്തിന്‍റെ വാക്കുകള്‍ പകരുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷം നമ്മുടെ കുഞ്ഞുങ്ങളും കണ്ടുവളരട്ടെ.
ഏഴു മാസങ്ങള്‍ പിന്നിട്ടു പറഞ്ഞ ദിവസത്തിനും പതിനഞ്ചു ദിവസത്തിനു മുന്‍പ് തന്നെ മീരക്ക് ഓപ്പറേഷന്‍ വേണ്ടിവന്നു .\\\\\\\\അവ്യക്തമായ ഭാഗം.
ReplyDeleteമൊത്തത്തിൽ പറഞ്ഞുതീർത്തെന്ന് മാത്രം.എങ്കിലും തീം ഇഷ്ടായി.
ഇനിയും വരാം.
വായനയ്ക്കും ചൂണ്ടിക്കാട്ടിയതിനും നന്ദി സ്നേഹം
Deleteകഥയിങ്ങനെ ആർക്കോ വേണ്ടി ഓടിച്ച് പറഞ്ഞു തീർത്തതുപോലെ തോന്നി.
ReplyDeleteആശംസകൾ ....
നല്ല ഒരു സന്ദേശം നൽകുന്ന പോസ്റ്റ് നല്ല ഭാഷ . ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞത് മാത്രം ഏക പോരായ്മ്മ. എല്ലാ ആശംസകളും ..
ReplyDeleteനല്ല സന്ദേശമുളള കഥ.
ReplyDeleteകഥയ്ക്കുള്ളില്‍ ചിലയിടങ്ങളിലെ കഥാകൃത്തിന്‍റെ നേരിട്ടുള്ള ഇടപെടലുകള്‍ വേണ്ടിയിരുന്നില്ല.അല്ലാതെതന്നെ വായനക്കാരന് മനസ്സിലാകുംവിധം നന്നായിഎഴുതിയിട്ടുണ്ടല്ലോ!
ആശംസകള്‍