Saturday, December 24, 2016

ഹൃദയമൊരുക്കാം ക്രിസ്തുമസ് സമ്മാനമായ്‌

           http://britishpathram.com/index.php?page=newsDetail&id=50516



        വീണ്ടുമൊരു ക്രിസ്തുമസ്സ് കാലം ആഗതമാകുമ്പോള്‍ തിരുപ്പിറവിയുടെ സന്ദേശം നമുക്കിവിടെ പങ്കുവയ്ക്കാം .ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍തന്നെ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍ കുളിരുപകര്‍ന്നുകൊണ്ടാകും നമ്മളെ വിളിച്ചുണര്‍ത്തുക .വിണ്ണിലെ താരകള്‍ മന്നില്‍ വന്നതുപോലെ  മിക്ക വീടുകളിലും നക്ഷത്രവിളക്കുകള്‍ കണ്‍ച്ചിമ്മും .അതുപോലെ തന്നെ വിണ്ണിലും താരകള്‍ പൂത്തിറങ്ങും .നക്ഷത്രങ്ങള്‍ വെളിച്ചത്തിന്‍റെ പ്രതീകങ്ങള്‍ ആകുന്നതുപോലെ നമ്മളില്‍ എത്രപേര്‍ക്ക് ഇന്ന് വെളിച്ചത്തിന്‍റെ സാക്ഷികളാകാന്‍ കഴിയാറുണ്ട് .

            ലോകത്തിന്‍റെ അന്ധകാരം  നീക്കാന്‍ ദൈവം തന്‍റെയേകജാതനെ ഭൂമിയിലേക്കയച്ചു .എളിമയുടെയും ദാരിദ്ര്യത്തിന്‍റെയും പ്രതീകമായി കാലിത്തൊഴുത്തില്‍ വന്നുപിറന്നു . പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെയാണ് കൂടുതല്‍ സ്നേഹിച്ചത് കാരണം മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ മുഴുവന്‍ തിന്മനിറഞ്ഞതായിരുന്നു അന്നുമിന്നും മനുഷ്യന്‍റെ തിന്മപ്രവര്‍ത്തികള്‍  പ്രകാശത്തെ വെറുക്കാന്‍ കാരണമായി .ഹൃദയംകൊണ്ടു പുല്‍ക്കൂട്‌ ഒരുക്കേണ്ട നമ്മള്‍ പണത്തിന്‍റെ പ്രതാപവും മോടിയും കാണിക്കുവാന്‍ പുല്‍ക്കൂടൊരുക്കുന്നു .ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നു

          സന്തോഷവും സമാധാനവും നിറഞ്ഞ പ്രതീക്ഷയുടെ കാലമാണ് ക്രിസ്തുമസ്.ആട്ടിടയന്‍മാര്‍ക്ക് ദൈവ ദൂതന്‍ പ്രത്യഷപ്പെട്ട് വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത അറിയിക്കുന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു ദൂതഗണങ്ങള്‍ ഒരുമയോടെ ദൈവത്തെ സ്തുതിച്ചത് "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം "ഓരോ കുഞ്ഞും ദൈവത്തിന്‍റെ സമ്മാനമാണ് ഓരോ ജീവനും  ഭൂമിയിലേക്ക്‌ പിറക്കും മുന്‍പേ നശിപ്പിച്ചു കളയുന്ന അനേകരിന്നുണ്ട് .അതുപോലെ തന്നെ എത്രയോ ജീവിതങ്ങള്‍ ഇല്ലാതാക്കുന്നു .ദൈവം കൊടുത്ത സമ്മാനങ്ങള്‍ നശിപ്പിക്കാന്‍ മനുഷ്യന് എന്താണ് യോഗ്യതയുള്ളത് .വെട്ടിപ്പിടിക്കുവാനും കുന്നുകൂട്ടാനുമുള്ള ഓട്ടത്തില്‍ കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ,പ്രതിബന്ധങ്ങളായി മുന്നില്‍ വരുന്നതിനെ ഒരു മടിയുമില്ലാതെ ഇല്ലായ്മ ചെയ്യുന്ന മനുഷ്യന്‍റെ ക്രൂരത നിറഞ്ഞുനില്‍ക്കുന്ന ഒരു ലോകത്താണ് നാമിന്ന് എത്തിനില്‍ക്കുന്നത് .

          ഉണ്ണിയേശു തന്‍റെ ജീവിതംകൊണ്ടു നമ്മളെ പഠിപ്പിച്ചത് ജീവിതം മനോഹരമാക്കി മറ്റുള്ളവര്‍ക്ക് വേണ്ടിനേദിക്കുകയെന്നതാണ്.ഒ.ഹെന്‍ട്രിയുടെ ഒരു കഥയിലെ ജിമ്മും ഡെല്ലയുംപോലെ നമുക്ക് കഴിയുമോ .മനോഹരമായ മുടി മുറിച്ചു വിറ്റിട്ട്  ജിമ്മിനു വാച്ചിന്‍റെ സ്ട്രിപ്പ് വാങ്ങിവരുമ്പോള്‍ ജിം തന്‍റെ വാച്ച് വിറ്റിട്ട് ഡെല്ലയുടെ മുടിയില്‍ അണിയാന്‍ മനോഹരമായ ഒരു ക്ലിപ്പ് വാങ്ങിവരുന്നു .അവരുടെ ജീവിതത്തില്‍ എന്നെങ്കിലും മറക്കാന്‍ കഴിയുമോ ആ ക്രിസ്തുമസ് സമ്മാനം .പരസ്പരം വിട്ടുകൊടുത്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിതം നേദിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ .

         ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ നമ്മളില്‍ പലരും അറിയാറില്ല അടുത്തവീട്ടില്‍ രോഗവും ദുരിതവുംപേറി ഒരുനേരം ആഹാരം കഴിക്കാനില്ലാത്ത പലരുമുണ്ടാകുമെന്നുള്ള കാര്യം .സ്വന്തം കഴിവുകൊണ്ട് നേടിയതാണ് സമ്പത്തും പദവിയുമെല്ലാം എന്ന ചിന്ത ഭരിക്കുമ്പോള്‍ മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ കാണാന്‍ പലപ്പോഴും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ തുറവിയുണ്ടാകാറില്ല . മറ്റുള്ളവര്‍ക്ക് ഉദാത്തമായ സമ്മാനങ്ങളായി നമ്മള്‍ മാറുക .തളര്‍ന്നു കിടക്കുന്ന ഒരു അമ്മയെ തനിച്ചാക്കി പണിക്കു പോയി മടങ്ങി വരുന്ന അവരുടെ മകന്‍ കാണുന്നത് മനോഹരമായി ഒരുക്കിയ അവന്‍റെ കൊച്ചുവീട് .തന്‍റെ അമ്മക്ക് പരസഹായമില്ലാതെ അനങ്ങാന്‍ പറ്റില്ല .ആരാണ് ഇതൊക്കെ ചെയ്തത് .അടുത്തവീട്ടിലെ കൊച്ചുകുട്ടി ആ അമ്മയ്ക്കും മകനും നല്‍കിയ ക്രിസ്തുമസ് സമ്മാനമായിരുന്നു ആ ഒരുക്കം .

           ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കാണാന്‍ പോയപ്പോള്‍ വഴിതെറ്റി ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ എത്തിപ്പെടുകയും രാജാവ് ഉണ്ണിയെകുറിച്ച് സൂഷ്മമായി ചോദിച്ചറിയുകയും കണ്ടുമടങ്ങുംവഴി ഇതിലെ വരണമെന്ന് അറിയിക്കുകയും ചെയ്തു .തന്ത്രപൂര്‍വ്വം ഉണ്ണീശോയെ ഇല്ലാതാക്കാനുള്ള ചിന്തയിലായിരുന്നു സൂത്രശാലിയായ ഹേറോദേസ്.അന്ന് ഒരു ഹേറോദേസ് മാത്രമേ ഉണ്ടായിരുന്നുള്ളു .ഇന്നത്തെ അവസ്ഥ അതല്ല ഒരായിരം ഹേറോദേസ് മാരാണ് ജീവിക്കുന്നത് .ജ്ഞാനികള്‍ പാവങ്ങളായിരുന്നു അവര്‍ രാജാവ് പറയുന്നത് സത്യമെന്നു കരുതി പോയങ്കിലും സ്വപനത്തില്‍ ദൂതന്‍ പറഞ്ഞതനുസരിച്ച് അപകടം മനസ്സിലാക്കി മറ്റൊരു വഴിക്ക് യാത്രയായി ഇന്നും പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നവരെ നമുക്കെല്ലായിടത്തും കാണാം

          ഈ ക്രസ്തുമസ് നാളുകളില്‍ നമ്മള്‍ ആത്മശോധന ചെയ്യുക .മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും. വിശന്നിരിക്കുന്നവര്‍ക്ക് ആഹാരം നല്‍കുക ,അനാഥരോടോപ്പം അലപ്സമയം ചിലവഴിക്കുക ,രോഗികളായി കിടക്കുന്നവര്‍ക്കരികില്‍ ശിശ്രൂഷ ചെയ്യുക ,ജോലിയെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കുക മദ്യത്തിലും മറ്റു ദുശ്ശീലങ്ങളിലും സന്തോഷം കണ്ടെത്തി നടക്കുന്ന പലരുമുണ്ടാകാം .അവര്‍ കുടുംബത്തോടൊപ്പം ഒന്ന് ചിലവഴിക്കാന്‍ ശ്രമിച്ചു നോക്കു .നമ്മുടെ ജീവിതം മക്കള്‍ക്കും മറ്റുള്ളവര്‍ക്കും നല്ലൊരു മാതൃകയാകാന്‍ കഴിയട്ടെ   അങ്ങനെ കൊച്ചു കൊച്ചു സമ്മാനങ്ങളായി നമുക്ക് മറ്റുള്ളവര്‍ക്കരികിലെത്താം .


മിനി ജോണ്‍സണ്‍
കളരിക്കല്‍ 

2 comments:

  1. നമ്മുടെ യാത്രയും പ്രവൃത്തികളും നന്മയുടെ വഴികളിലൂടെയാകട്ടെ!
    നന്മനിറഞ്ഞ ക്രിസ്മസ് ആശംസകള്‍

    ReplyDelete
  2. പരസ്പരം വിട്ടുകൊടുത്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിതം നേദിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ ...ഉള്ളിൽ തട്ടുന്ന എഴുത്ത്.. ആശംസകൾ


    ReplyDelete