Monday, July 11, 2016

ആത്മവിസ്മൃതി


ആത്മവിസ്മൃതിയാല്‍ അടരുന്നു
പിറന്നനാടിനെവിട്ടു യാത്രയാകുന്നു
പ്രിയതമായതെല്ലാമന്യമാകുന്നു
പ്രാമീത്യംപോലൊരു പരിതാപം

അഹോരാത്രം നെടുവീര്‍പ്പുകള്‍
പരിഭാവനങ്ങള്‍ പ്രതീക്ഷകള്‍
ഉപവസ്ഥപാദകമുറപ്പിക്കാന്‍
ഭഗീരഥപ്രയത്നം ചെയ്യുന്നു

വരവെന്തന്നറിയാതെ ധനത്തെ
ചെലവുചെയ്യാന്‍ മടിക്കാത്തവര്‍
ആത്മവിസ്മൃതിയില്‍ ഉരുകുന്ന
ജീവിതങ്ങളെയറിയാത്തതെന്തേ ?

കൊടുംതണുപ്പുമതിവൃഷ്ടിയും
അത്യുഷ്ണവും മണല്‍ക്കാറ്റും
അഹര്‍ന്നിശമറിയാതെപോകുന്നു
ഋതുഭേദങ്ങളുടെ യാത്രികരായ്

അഹര്‍മ്മുഖത്തിന്‍ ചേലറിയുന്നില്ല
സായന്തനത്തിന്‍ ചോപ്പറിയുന്നില്ല
സാഗരത്തിന്നലകള്‍ പുല്കാറില്ല
മന്ദസമീരന്‍റെ തഴുകലറിയാറില്ല

ഉരുകിത്തീരുമീ മെഴുകുനാളങ്ങളെ
തള്ളരുതേ !തളര്‍ന്നുവീഴുന്നനാളില്‍
സാര്‍ത്ഥകജീവിതം നമുക്കായെന്നും
ആത്മവിസ്മൃതിയാല്‍ ത്യജിച്ചവര്‍

*ആത്മവിസ്മൃതി =തന്നത്താന്‍ മറക്കല്‍ *ഉപവസ്ഥം=വീട്
 * പാദകം =അടിസ്ഥാനം *അഹര്‍ന്നിശം =പകലുംരാത്രിയും


1 comment:

  1. പ്രാമീത്യം പോലൊരു പരിതാപം
    മരണം വരുമൊരുനാള്‍.....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete