Sunday, February 7, 2016

സൃഷ്ടി വൈഭവം


ആകാശവനികയില്‍ നീലവിഹായസ്സില്‍
വെള്ളിമേഘങ്ങള്‍ ചിത്രം വരയ്ക്കുന്ന കണ്ടോ
ഭംഗിയെഴുന്നൊരു വര്‍ണ്ണ ചിത്രം
പ്രപഞ്ച നാഥന്റെ വൈഭവസൃഷ്ടി

മഴയുടെ നൃത്തത്തില്‍ തരളിതമാകുന്നു
വൃക്ഷതലപ്പിലെ ഇലനാമ്പുകള്‍
വിടപറയാന്‍ കഴിയാതിതള്‍തുള്ളികള്‍
മുറുകെ പുണര്‍ന്നു പുണര്‍ന്നു നില്‍ക്കുന്നു

ഇളംതെന്നല്‍ മെല്ലെ പടികടന്നെത്തുന്നു
തൊട്ടുതലോടാന്‍ കുളിര്‍മ്മയോടെ
തലയെടുപ്പോടെ നില്‍ക്കുന്നു പൂവുകള്‍
മെല്ലെ ചാഞ്ചാടുന്നു സ്നേഹമോടെന്നും

പച്ചവിരിച്ചൊരു പുല്‍മേട്‌ കാണുമ്പോള്‍
അറിയാതെയൊന്നു പുണരാന്‍ കൊതിക്കുന്നു
ഒന്നിരുന്നോട്ടെയീ പ്രകൃതിയെ സ്നേഹിച്ചു
അമ്മതന്‍ മടിയിലെ പൈതലായി

വിനാഴികയെല്ലാം വിടപറഞ്ഞകലുമ്പോള്‍
അറിയുന്നില്ലാ നിമിഷത്തിന്‍ വേഗത
പ്രണയം തുളുംബിയ മനോമുകുരത്തില്‍
പ്രകൃതി വിളമ്പിയ സുന്ദരകാഴ്ചകള്‍ 

2 comments: