Friday, December 25, 2015

ഹൃദയത്തിലൊരുക്കേണ്ട പുല്‍കൂട്

                     
                     ക്രിസ്തു ദരിദ്രരുടെ പക്ഷം ചേര്‍ന്ന്  ദരിദ്രനായ്‌  മാറിയപ്പോള്‍ അതു ക്രിസ്തുമസായി മനുഷ്യന്‍റെനിസ്സാരതയിലേക്കും ഇല്ലായ്മകളിലേക്കും ദൈവം കടന്നുവന്നതിന്റെ ഓര്‍മ്മ .സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും സ്വയംപുകഴ്ത്തലുകള്‍ക്കുമായി മറ്റുള്ളവരെ ചവിട്ടിതാഴ്ത്തുന്നവര്‍,ജീവന്‍ അപഹരിക്കാന്‍പോലും മടിയില്ലാത്ത മലിനമായ സംസ്കാരത്തിന്റെ
മടിയില്‍  ഉറങ്ങിയുണരുന്ന ഇന്നത്തെലോകം. അന്ത്യവിധിയുടെ മാനദണ്ഡം വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും നഗ്നരുടെയും അനാഥരുടെയും ശുശ്രൂഷയാണന്ന് നമ്മളെ പഠിപ്പിച്ചവനാണ്  കാലിത്തൊഴുത്തില്‍ വന്നു പിറന്ന ക്രിസ്തു .
                       ഡിസംബര്‍ വരുമ്പോഴേ ആദ്യം മനസ്സില്‍ തെളിയുന്നത്  നക്ഷത്രങ്ങളാണ് . ജ്ഞാനികള്‍ക്കു വഴികാട്ടിയായ്‌ കാലിത്തൊഴുത്തിലെത്തിച്ചത് ആ നക്ഷത്രത്തിന്റെ ദൗത്യമായിരുന്നു,അതെ ദൗത്യമല്ലെ നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. മറ്റുള്ളവര്‍ക്ക് പ്രകാശമായ് നേര്‍വഴിയുടെപാതതെളിച്ച് സ്നേഹത്തിന്റെ പരിമളം വീശി സഹനത്തിന്റെ പാതയില്‍ മുന്നേറുന്ന നക്ഷത്രമാകുവാന്‍ ലോകമോഹങ്ങളുടെ വര്‍ണ്ണപൊലിമയില്‍ മനംപതറാതെ മേഘപാളികള്‍ക്കും നിറചാര്‍ത്തുകള്‍ക്കപ്പുറം സനാതനനന്മയില്‍  ദൈവീകപുണ്യങ്ങളുടെ നേര്‍കാഴ്ചയായ് ചുവടുവയ്ക്കണം .വീഴ്ചകളില്‍നിന്നും വീഴ്ചകളിലേക്ക് കൂപ്പുകുത്താതെ ഉയര്‍ത്തെഴുനേല്‍ക്കണം.
                     പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയെ കണ്ടുമുട്ടാന്‍ നമുക്കൊരോരുത്തര്‍ക്കും  കഴിയണം, എങ്കില്‍ മാത്രമേ പുല്‍കൂട്ടില്‍ പിറന്നു ദരിദ്രനായ്‌ ജീവിച്ചു പാപികളായ നമുക്കുവേണ്ടി നിന്ദിതനും പീഡിതനുമായി സ്വയം ബലിയായ്തീര്‍ന്ന യേശുവിന്റെ പാതയില്‍ മുന്നോട്ടു പോകാന്‍ കഴിയു .പിറവിതിരുനാള്‍ വെറും പ്രകടനങ്ങള്‍ ആകാതെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും നന്മയുടെ സദ്‌ വാര്‍ത്ത‍കളകാന്‍ കഴിയണം .
                       ഹേറോദേസിന്റെ കൊട്ടാരതിളക്കങ്ങള്‍ക്കപ്പുറം കഷ്ടനഷ്ടങ്ങളുടെ വഴിത്താരകള്‍ പിന്നിട്ട് ലോകരക്ഷകന്റെ കാലിത്തൊഴുത്തില്‍ ജ്ഞാനികളെ എത്തിച്ചപ്പോള്‍ നക്ഷത്രത്തിനു സാഫല്യമായി . നമ്മളെയേല്പിച്ചിരിക്കുന്ന ഓരോ ദൗത്യവും പൂര്‍ണ്ണതയിലെത്തിക്കാന്‍ മാതൃകയുടെ വഴിവിളക്കായ്‌ നന്മയുടെ ചൈതന്യമായ്  നക്ഷത്രമായി മാറാംവരുംനാളിലും .ലോകരക്ഷകന്റെ തിരുപിറവിക്കുള്ള പുല്‍ക്കൂടുകളായി നമ്മുടെ ഹൃദയത്തെ ഒരുക്കാം .എല്ലാവര്‍ക്കും സ്നേഹവും സമാധാനവും നിറഞ്ഞ  ഐശ്വര്യപൂര്‍ണ്ണമായ ഓര്‍മ്മപുതുക്കലാകട്ടെ ഈ ക്രിസ്തുമസ് ദിനവും 

4 comments:

  1. Replies
    1. വായനയ്ക്ക് നന്ദി മരുപ്പച്ച

      Delete
  2. നന്മയുടെ പാതയിലേക്ക് നയിക്കുന്ന വെളിച്ചം........
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete