Friday, February 7, 2014

പൊന്നു

           
           
                 പൊന്നുവിനെ എനിക്കു അത്രയ്ക്ക് ഇഷ്ടമായിരുന്നു,ഞാന്‍ വിളിക്കുന്നതാ പൊന്നുന്നു.അവള്‍ക്കു ഇഷ്ടമായിരുന്നോ എന്നു എനിക്കു അറിയില്ല ഞാന്‍ ചോദിച്ചിട്ടില്ല. ആദ്യമൊന്നും അവളെ എനിക്കു ഇഷ്ടമല്ലായിരുന്നു . പിന്നെ പിന്നെ ഞാന്‍ അവളെ ഇഷ്ടപെടാന്‍ തുടങ്ങി.പോന്നുവിനു എന്നെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നു എന്നു പിന്നീടു ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. ആദ്യമൊക്കെ അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍ എനിക്കു ദേഷ്യം വരുമായിരുന്നു.
              എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടുത്തിയത് അവള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിലെ സ്വാര്‍ത്ഥത ആയിരുന്നു .ഞാന്‍ മറ്റാരോടും സംസാരിക്കണ്ട അവളോടൊപ്പം ചിലവഴിച്ചാല്‍ മതി .പതുക്കെ പൊന്നുവിന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ വഴങ്ങി.അവളെ ഇഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി.പിന്നെ തമാശും കൊച്ചു കുറുമ്പും കുസൃതികളുമായി ഞങ്ങള്‍ മുന്നോട്ടു പോയീ. ഇടക്കുള്ള പിണക്കവും ഇണക്കവും നല്ല രസമാണ് .മിണ്ടില്ല എന്നു പറഞ്ഞു വഴക്കിടുന്ന ഞങ്ങള്‍ പത്തു മിനിട്ട് കഴിയുമ്പോള്‍ കൂട്ടാവും.
            ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ പൊന്നുവിനെ കൂടുതല്‍ ഇഷ്ടപ്പെട്ടു .പക്ഷെ എന്റെ സ്നേഹം അവള്‍ക്കു ഒരു ശല്യമാകാന്‍ തുടങ്ങിയോ എന്നു ഒരു സംശയം .ചോദിച്ചാല്‍ പൊന്നു വിഷമിച്ചാലോ എന്നു കരുതി ഞാന്‍ മിണ്ടിയില്ല .അവളുടെ പല ഉത്തരങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ,എന്റെ സ്നേഹാധിക്യം അവളെ ആലോസരപ്പെടുത്തുന്നു എന്നുള്ള സത്യം .
             ഞാന്‍ തന്നെ ഒരു തീരുമാനം എടുക്കുന്നതാവും നല്ലത് എന്നു തോന്നിയപ്പോള്‍ പതുക്കെ പിന്മാറാന്‍ ഒരുക്കം നടത്തി . ആദ്യമൊക്കെ സങ്കടം സഹിക്കാന്‍ പറ്റിയില്ല .അന്നേരം ആരും കാണാതെ കരഞ്ഞു .പൊന്നുവിനു പുതിയ കൂട്ടുകാര്‍ ഉള്ളതുകൊണ്ട് അത്രയ്ക്ക് വിഷമം തോന്നികാണില്ല .വല്ലപ്പോളും പൊന്നു ചോദിക്കാറുണ്ട് എന്തുപറ്റി ഒരു മാറ്റമെന്നു. എനിക്കു ഒരു മാറ്റവും ഇല്ല കുട്ടി, ജോലി തിരക്ക് കൊണ്ടാണ്  ഇപ്പോള്‍ വരാത്തതു എന്നു പറഞ്ഞു പിരിയുമ്പോഴും നെഞ്ചിനുള്ളില്‍ സ്നേഹ നൊമ്പരത്തിന്റെ വിങ്ങല്‍ പെരുമ്പറ കൊട്ടുന്നത്  മറ്റാരും അറിയാതിരിക്കാന്‍ പാടുപെട്ടു .
          സ്നേഹം ഒരിക്കലും മറ്റുള്ളവര്‍ക്ക് ഒരു ബന്ധനമായി മാറാതിരിക്കാന്‍ നമുക്ക് ഒന്ന് ശ്രമിച്ചാലോ . നമ്മുടെ സ്നേഹം സ്വാര്‍ത്ഥതയില്ലാത്ത ഒന്നായിരിക്കട്ടെ ............ !

No comments:

Post a Comment